എഫ് ട്യൂണ്‍ ഫെയ്‌സ് ക്രീമിൻ്റെ വെബ്സൈറ്റ് പൂട്ടി

എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ നാല് ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.

എഫ് ട്യൂണ്‍ ഫെയ്‌സ് ക്രീമിൻ്റെ വെബ്സൈറ്റ് പൂട്ടി

കൊച്ചി: ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍ എഫ് ട്യൂണ്‍ (F Tune) ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ അടച്ചുപൂട്ടി. പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ഈ നമ്പറുകളുടെ ഉടമകളെ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ വിശദമായ മൊഴിയും വകുപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം, വ്യാജ ഫെയര്‍നസ് ക്രീമുകളുടെ യഥാര്‍ത്ഥ ഉറവിടം ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മുന്‍പ് പൊലീസും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പും പരിശോധനകള്‍ നടത്തിയെങ്കിലും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ നാല് ഫോണ്‍ നമ്പറുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ പ്രധാനിയെന്ന് കരുതുന്ന കാസര്‍കോട് സ്വദേശിയായ യുവതിയുടെ നമ്പറും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അന്വേഷണ സംഘത്തിന്റെ ഇടപെടലാണ് വെബ്സൈറ്റുകള്‍ പൂട്ടാന്‍ കാരണമായതെന്നാണ് സൂചന. മലപ്പുറത്തും കോഴിക്കോടുമാണ് ഇത്തരം ഫെയര്‍നസ് ക്രീമുകള്‍ കൂടുതലായി വിറ്റഴിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുജില്ലകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. വിതരണ ശൃംഖല തകര്‍ത്ത് വില്‍പന പൂര്‍ണമായും നിരോധിക്കുകയാണ് ലക്ഷ്യം. എങ്കിലും, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ എഫ് ട്യൂണ്‍ ക്രീം ഇപ്പോഴും ലഭ്യമാകുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇത്തരം ക്രീമുകള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തരംഗമായപ്പോള്‍, വിദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രീമുകള്‍ നാട്ടില്‍ വെച്ച് റീപാക്ക് ചെയ്ത് വ്യത്യസ്ത ബ്രാന്‍ഡ് പേരുകളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, റീപാക്ക് ചെയ്യുന്നതാര് എന്നോ ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നോ അന്ന് വ്യക്തമായിരുന്നില്ല. മുന്‍പ് വിറ്റഴിച്ച അതേ ക്രീമുകള്‍ തന്നെയാണ് ഇപ്പോള്‍ പുതിയ ബ്രാന്‍ഡ് പേരുകളില്‍ വിപണിയില്‍ എത്തുന്നതെന്നാണ് വിവരം. ഈ കേസിലും പാക്കിങ് കേന്ദ്രങ്ങള്‍ കാസര്‍കോടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബായ്, പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ക്രീമുകള്‍ കാസര്‍കോട് വെച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസ് നീക്കം.