ഫുജൈറ അപകടം: മൂന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി

കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു

ഫുജൈറ അപകടം: മൂന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മലയാളി കുടുംബത്തെ  സന്ദർശിച്ച് കിരീടാവകാശി

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ ഇരട്ടക്കുട്ടികളെയും കൊച്ചുമകനെയും നഷ്ടപ്പെട്ട പ്രവാസി മലയാളി സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ കുടുംബത്തെ നേരിൽക്കണ്ട് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി. കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിൽ 14 പേരാണ് മരിച്ചത്. അടുത്തകാലത്ത് യുഎഇയിലുണ്ടായ ഏറ്റവും വലിയ വാഹനദുരന്തങ്ങളിലൊന്നായ സംഭവത്തിൽ മരിച്ചവരെല്ലാം തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. മരിച്ചവരിൽ പത്ത് പേർ യുഎഇ സ്വദേശികളും നാല് പേർ ഇന്ത്യക്കാരുമാണ്.

അപകടത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, മുഹമ്മദ് ഫായിസ് എന്നിവരും മരിച്ചിരുന്നു. ആദ്യ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് പിന്നാലെയെത്തിയ വാഹനങ്ങൾ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. യുഎഇ സന്ദർശനത്തിനെത്തിയ ഗുജറാത്ത് കുടുംബം മടക്കയാത്രയ്ക്കായി ഫുജൈറ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരനും അപകടത്തിൽ ജീവൻ നഷ്ടമായി.

30 പേർക്ക് പരിക്ക്; 23 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് അധികൃതരുടെ കണക്ക്. ഇവരിൽ ഏഴ് പേർ ഇന്ത്യക്കാരാണ്. യുഎഇ, ഒമാൻ, ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, ബ്രസീൽ എന്നീ രാജ്യക്കാരും പരിക്കേറ്റവരിലുണ്ട്.

18 കാറുകളും അഞ്ച് ലോറികളുമുൾപ്പെടെ 23 വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി ഫുജൈറ പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറിലിടിച്ച് മറിഞ്ഞതിനു പിന്നാലെ ഗതാഗതക്കുരുക്കിനെ തുടർന്ന് വേഗം കുറച്ചും നിർത്തിയിട്ടും കിടന്നിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നുണ്ടായ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് തീപിടിച്ചതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.

വിവരമറിഞ്ഞ ഉടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ്, രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അധികൃതർ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.