3 വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടു,നിലവിളിച്ചിട്ടും അഴിച്ചുവിട്ടില്ല; വികൃതി കാട്ടിയെന്ന് അധ്യാപിക,കേസ്
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം
ചെന്നൈ: വികൃതി കാണിച്ചെന്നാരോപിച്ച് മൂന്ന് വയസുകാരനെ ക്ലാസ് മുറിക്കുള്ളിൽ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടതായി പരാതി. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രീ-കെ.ജി വിദ്യാർത്ഥിയായ കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
അധ്യാപികയുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ക്ലാസിൽ വികൃതി കാണിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടിയെ കെട്ടിയിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ ബന്ധിച്ചതെന്നും അധ്യാപിക സമീപത്തുണ്ടായിരുന്നുവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിയ നിലയിൽ നിലത്തുവീണ കുട്ടിയുടെ കണ്ണിന് സമീപം പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായാണ് പോലീസിന്റെ നിഗമനം.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിതാവ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. അധ്യാപികയും അറ്റൻഡറും ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് വെളിപ്പെടുത്തി. ഇതോടെ സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. കുട്ടിയുടെ കൈകൾ ബന്ധിച്ച നിലയിൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയർ കടിച്ചുനോക്കുന്നതും വേദന സഹിക്കാനാകാതെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെ കരച്ചിലിനിടെ മറ്റ് വിദ്യാർത്ഥികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഉണ്ടായിരുന്നതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ തിരുത്തുറൈപൂണ്ടി പോലീസ് കേസെടുത്തത്. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് ജീവനക്കാരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Comments ()