എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് ഇനി വേണ്ടത് 28.5 കോടി; സഹായം തേടി കുടുംബം

ഒരുമാസം കൊണ്ട് ചികിത്സാ സഹായ അക്കൗണ്ടിൽ 21,55,60,308 രൂപ എത്തിയതായി സഹായ കമ്മിറ്റി അറിയിച്ചു. ഇനി 10 ദിവസത്തിനുള്ളിൽ 50 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കാനാണ് ശ്രമം

എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് ഇനി വേണ്ടത് 28.5 കോടി; സഹായം തേടി കുടുംബം

കോഴിക്കോട്: എസ്.എം.എ എന്ന അപൂർവ ജനിതക രോഗത്തിനെതിരെ ചികിത്സ തേടുന്ന മുക്കത്തെ മൂന്ന് കുരുന്നുകൾക്കായി നടക്കുന്ന ധനസമാഹരണം നിർണായക ഘട്ടത്തിലേക്ക്. ഒരുമാസം കൊണ്ട് ചികിത്സാ സഹായ അക്കൗണ്ടിൽ 21,55,60,308 രൂപ എത്തിയതായി സഹായ കമ്മിറ്റി അറിയിച്ചു. ഇനി 10 ദിവസത്തിനുള്ളിൽ 50 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കാനാണ് ശ്രമം.

കല്ലുരുട്ടി പൂവ്വത്തേരിച്ചാലിലെ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവരാണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ച ഇവരുടെ ചികിത്സ ഒരുമിച്ച് ആരംഭിക്കാനാണ് കുടുംബവും സഹായ സമിതിയും ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലുള്ളവരും നാട്ടുകാരും ചേർന്നാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ ലഭ്യതയും ചെലവും സംബന്ധിച്ച നടപടികളും പുരോഗമിക്കുകയാണ്. സോൾജെൻസ്മ (Zolgensma) ജീൻ തെറാപ്പി മരുന്ന് നിർമിക്കുന്ന നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി സഹായ സമിതി ചർച്ച നടത്തി. മരുന്നിന്റെ വില കുറയ്ക്കുന്നതിനും ലഭ്യമായ മറ്റ് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മരുന്നിനായുള്ള കോട്ടേഷൻ ഉടൻ ലഭ്യമാക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

അതേസമയം, ധനസമാഹരണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിച്ചതായി കമ്മിറ്റി വ്യക്തമാക്കി. 50 കോടി രൂപ ഇതിനകം സമാഹരിച്ചുവെന്നും ഇനി സഹായം അയക്കേണ്ടതില്ലെന്നും അവകാശപ്പെടുന്ന വാട്സ്ആപ്പ് ഓഡിയോയാണ് പ്രചരിച്ചത്. ഇതിനെതിരെ പൊലീസ് പരാതി നൽകിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുക്കം നഗരസഭ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ സമിതിയാണ് നിലവിൽ ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.