കുടുംബ വഴക്കിനിടെ ഭാര്യയെ നായയെക്കൊണ്ട് കടിപ്പിച്ചു; ‘ആക്‌ഷൻ ഹീറോ ബിജു’ മോഡൽ വകുപ്പുമായി വരാപ്പുഴ പൊലീസ്

സംഭവത്തിൽ ഭർത്താവിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു.

കുടുംബ വഴക്കിനിടെ ഭാര്യയെ നായയെക്കൊണ്ട് കടിപ്പിച്ചു;  ‘ആക്‌ഷൻ ഹീറോ ബിജു’ മോഡൽ വകുപ്പുമായി വരാപ്പുഴ പൊലീസ്

കൊച്ചി ∙ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. കരിങ്ങാതുരുത്ത് മുണ്ടുപാലം അറയ്ക്കപാടത്ത് വീട്ടിൽ ജോസഫ് സുനിൽ (57) ആണ് പ്രതി. ഭാര്യയുടെ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ ജോസഫ് സുനിൽ ഭാര്യയുടെ മൊബൈൽ ഫോൺ എറിഞ്ഞുടച്ചിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾ സുനിലിനോട് ഇതേക്കുറിച്ച് ചോദിച്ചതോടെ വീട്ടിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ ഇയാൾ വീടിന്റെ ഹാളിൽ വച്ച് ഭാര്യയുടെ മൂക്കിൽ ഇടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീട്ടിൽ വളർത്തുന്ന 'പിറ്റ്ബുൾ' ഇനത്തിൽപ്പെട്ട നായയെ അഴിച്ചുവിട്ട് ഭാര്യയെ കടിപ്പിച്ചത്.

ആക്രമണത്തിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റിട്ടുണ്ട്. നായയുടെ കടിയേറ്റ് വലതുകൈയിലെ വിരലിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. പരുക്കേറ്റ യുവതി വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

മനഃപൂർവം പരുക്കേൽപ്പിക്കൽ (BNS 115(2)), ഗുരുതരമായി പരുക്കേൽപ്പിക്കൽ (BNS 118(2)), തടഞ്ഞുവയ്ക്കൽ (BNS 126(2)) എന്നീ വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 118(1) വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. മൂർച്ചയുള്ള ആയുധങ്ങൾ, തീ, വിഷം, മൃഗങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ഒരാളെ മനഃപൂർവം പരുക്കേൽപ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ പട്ടിയെ വിട്ട് കുട്ടിയെ കടിപ്പിച്ച സാംസൺ തരകൻ എന്ന കഥാപാത്രത്തിനെതിരെ ചുമത്തിയതിന് സമാനമായ വകുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്.