ഗൾഫ്–അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ ജിസിസി തീരുമാനം; സുപ്രധാന പ്രഖ്യാപനം
ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ നടന്ന യോഗത്തിലാണ് സുരക്ഷ, പ്രാദേശിക സ്ഥിരത, രാഷ്ട്രീയ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാൻ ധാരണയായത്
മനാമ: ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ നടന്ന യോഗത്തിലാണ് സുരക്ഷ, പ്രാദേശിക സ്ഥിരത, രാഷ്ട്രീയ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാൻ ധാരണയായത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ജിസിസി ചെയർമാനുമായ ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയും യോഗത്തിന് സഹ അധ്യക്ഷരായി.
യോഗത്തിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായി ഉയർന്നു. ഇറാൻ ആണവായുധം നേടുകയോ വികസിപ്പിക്കുകയോ ചെയ്യരുതെന്നും, പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ജിസിസി ആവശ്യപ്പെട്ടു. ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷികളും പ്രാദേശിക പ്രോക്സി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും യോഗം വിലയിരുത്തി.
അതേസമയം, യുഎസും ഇറാനും തമ്മിൽ ഉണ്ടായ ധാരണാപത്രത്തെ യോഗം സ്വാഗതം ചെയ്തു. പാകിസ്ഥാനും ഖത്തറും വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ അംഗീകരിച്ച മന്ത്രിമാർ, സംവാദം തുടരണം എന്നതിലും സംഘർഷങ്ങൾ ശാശ്വതമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലും ഏകാഭിപ്രായം പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്കിലൂടെ തടസ്സരഹിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട യോഗം, അന്താരാഷ്ട്ര നിയമപ്രകാരം ട്രാൻസിറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞു.
Comments ()