സ്ത്രീധനപീഡനം: യുവതി ആത്മഹത്യ ചെയ്തു, ഭര്‍തൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം അടിച്ചുതകര്‍ത്ത് ബന്ധുക്കള്‍

കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സ്ത്രീധനപീഡനം: യുവതി ആത്മഹത്യ ചെയ്തു, ഭര്‍തൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം അടിച്ചുതകര്‍ത്ത് ബന്ധുക്കള്‍

പൂണെ: സ്വര്‍ണത്തെച്ചൊല്ലിയുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനത്തിന് പിന്നാലെ പൂണെയില്‍ മുപ്പത്തിമൂന്നുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂണെ മുകുന്ദ് നഗര്‍ സ്വദേശി പായല്‍ അക്ഷയ് സാംബ്രെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പായലിന്റെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, തെക്കന്‍ പൂണെയില്‍ ഭര്‍തൃപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ 'സാംബ്രെ പാലസ്' ഓഡിറ്റോറിയത്തിന് പിന്നിലെ വസതിയില്‍ പായലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആറു വര്‍ഷം മുന്‍പായിരുന്നു പായലിന്റെയും അക്ഷയിന്റെയും വിവാഹം. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. ഖേഡ് ശിവാപൂരിലെ 'നക്ഷത്ര പാലസ്' ഉടമകളുടെ മകളായ പായലിന്റെ വിവാഹം ഏറെ ആര്‍ഭാടമായാണ് കുടുംബം നടത്തിയിരുന്നത്.

ഭര്‍തൃവീട്ടുകാര്‍ പായലിനോട് നിരന്തരം സ്വര്‍ണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണ് പായലിന്റെ കുടുംബം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, യുവതിയുടെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കള്‍ ഓഡിറ്റോറിയം അടിച്ചുതകര്‍ത്തു.