ലുക്ക്ഔട്ട് നോട്ടീസുള്ള കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; വെട്ടിലായി സന്ദീപ് വാര്യര്‍ അടക്കമുള്ള UDF നേതാക്കള്‍

കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വെട്ടിലായി കാസര്‍കോട്ടെ യുഡിഎഫ് നേതാക്കള്‍.

ലുക്ക്ഔട്ട് നോട്ടീസുള്ള കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; വെട്ടിലായി സന്ദീപ് വാര്യര്‍ അടക്കമുള്ള UDF നേതാക്കള്‍

കാസർകോട്: കാസർകോട്ടെ വിവാദപരമായ കൊലപാതകക്കേസിലെ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കോൺഗ്രസും ലീഗും പ്രതിരോധത്തിലായി. അബൂബക്കർ സിദ്ധിഖ് കൊലക്കേസിലെ 13-ാം പ്രതിയായ അഹമ്മദ് റയീസിനൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ, എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരാഴ്ച മുൻപ് ഗൾഫിൽ നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ഈ ചിത്രം പകർത്തിയത്.

കഴിഞ്ഞ നാല് വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷിച്ചുവരുന്ന പ്രധാന പ്രതികളിലൊരാളാണ് അഹമ്മദ് റയീസ്. 2022 ജൂൺ 26-നായിരുന്നു ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഉപ്പളയിൽ വെച്ച് ക്വട്ടേഷൻ സംഘം അബൂബക്കർ സിദ്ധിഖിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ റയീസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിരുന്നില്ല.

സംസ്ഥാന ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തിരയുന്ന ഒരു പ്രതിക്കൊപ്പം ജനപ്രതിനിധികളും മുതിർന്ന നേതാക്കളും പരസ്യമായി ഒരു ചടങ്ങിൽ പങ്കെടുത്തതും ചിത്രം പകർത്തിയതും യുഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി നേതാക്കളോ മുന്നണിയോ രംഗത്തുവന്നിട്ടില്ല.