ഗ്ലോബൽ വില്ലേജ് സീസൺ 31: വിഐപി, മെഗാ പാക്കേജുകളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ഇത്തവണ ആറ് വ്യത്യസ്ത വിഭാഗങ്ങളിലാണ് വിഐപി, മെഗാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്

ഗ്ലോബൽ വില്ലേജ് സീസൺ 31: വിഐപി, മെഗാ പാക്കേജുകളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

പ്രവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിലേക്കുള്ള വിഐപി പാക്കേജുകളുടെ വിൽപ്പന കോക്കക്കോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരംഭിച്ചു. ആറ് വ്യത്യസ്ത വിഭാഗങ്ങളിലായി പരിമിതമായ എണ്ണം പാക്കുകളാണ് പൊതുജനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഡയമണ്ട് (7,900 ദിർഹം), പ്ലാറ്റിനം (3,490 ദിർഹം), ഗോൾഡ് (2,490 ദിർഹം), സിൽവർ (1,890 ദിർഹം) എന്നീ വിഐപി പാക്കുകൾക്ക് പുറമെ, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിന്റെ സീസണൽ പാസുകളോ ടിക്കറ്റുകളോ ഉൾപ്പെടുന്ന മെഗാ ഗോൾഡ് (4,990 ദിർഹം), മെഗാ സിൽവർ (3,490 ദിർഹം) പാക്കേജുകളും ഇത്തവണ ലഭ്യമാണ്.

'ഗ്ലോബൽ വില്ലേജ് സ്റ്റോറി ബുക്ക്' മാതൃകയിൽ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാക്കുകളിൽ വിഐപി പാർക്കിംഗ് അനുമതി, എൻട്രി ടിക്കറ്റുകൾ, വണ്ടർ പാസ് കാർഡുകൾ, ഏഴ് പ്രത്യേക സീസൺ പിൻസുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഒരു ഭാഗ്യശാലിയായ വിഐപി പാക്ക് ഉടമയെ കാത്ത് 31,000 ദിർഹത്തിന്റെ പണസമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സാധുവായ ഒരു എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഒരു പാക്ക് മാത്രമേ വാങ്ങാനാകൂ. വ്യാജ വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം പാക്കുകൾ വാങ്ങാൻ അധികൃതർ അഭ്യർത്ഥിച്ചു.