സ്വർണം നിക്ഷേപിക്കാം, പലിശയും നേടാം: നിക്ഷേപകർക്കായി ജ്വല്ലറികളുടെ വാതിലുകളും തുറക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ കൊണ്ടുവന്ന 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' വന്‍ മാറ്റങ്ങളോടെ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്.
ന്യൂഡല്‍ഹി: വീടുകളില്‍ വെറുതെയിരിക്കുന്ന സ്വര്‍ണാഭരണങ്ങളും നാണയങ്ങളും നിക്ഷേപിച്ച് പലിശ വരുമാനം നേടാന്‍ പൊതുജനങ്ങള്‍ക്ക് പുതിയ അവസരം വരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ കൊണ്ടുവന്ന 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' വന്‍ മാറ്റങ്ങളോടെ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നതോടെ ബാങ്കുകള്‍ക്ക് പുറമെ രാജ്യത്തെ അംഗീകൃത ജ്വല്ലറികള്‍ വഴിയും ജനങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപിക്കാനാകും. ഇന്ത്യന്‍ വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആയിരക്കണക്കിന് ടണ്‍ സ്വര്‍ണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തിക്കുക, വിദേശത്തുനിന്നുള്ള സ്വര്‍ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വീടുകളില്‍ ഏകദേശം 25,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പദ്ധതി തുടങ്ങി പത്ത് വര്‍ഷമായിട്ടും കേവലം 38 ടണ്‍ സ്വര്‍ണം മാത്രമാണ് ബാങ്കുകളിലേക്ക് എത്തിയത്. പാരമ്പര്യമായി കിട്ടിയ ആഭരണങ്ങള്‍ ഉരുക്കാനുള്ള ജനങ്ങളുടെ മടിയും, നികുതി നോട്ടീസ് വരുമോ എന്ന ഭയവും, ബാങ്കുകള്‍ക്ക് പദ്ധതിയിലുണ്ടായിരുന്ന കുറഞ്ഞ താല്പര്യവുമാണ് പഴയ പതിപ്പ് പരാജയപ്പെടാന്‍ കാരണമായത്.
എന്താണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം
ലോക്കറുകളിലും വീടുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. നിങ്ങള്‍ നല്‍കുന്ന സ്വര്‍ണം പരിശോധിച്ച് ഉരുക്കി സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റിയ ശേഷം, അതിന്റെ മൂല്യത്തിന്മേല്‍ ബാങ്ക് കൃത്യമായി പലിശ നല്‍കും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ താല്പര്യപ്രകാരം ശുദ്ധമായ സ്വര്‍ണ്ണമായോ അല്ലെങ്കില്‍ അന്നത്തെ വിപണി നിരക്കിലുള്ള പണമായോ ഇത് തിരികെ വാങ്ങാവുന്നതാണ്.
Comments ()