പണപ്പെരുപ്പവും നിർമ്മാണച്ചെലവും വില്ലനായി; കാറുകൾക്ക് 20,000 രൂപ വരെ വർധിപ്പിച്ച് മാരുതി

ഉത്സവ സീസൺ വരാനിരിക്കെ, ഈ വർഷം ഇത് മൂന്നാം തവണയാണ് മാരുതി വാഹന വില കൂട്ടുന്നത്.

പണപ്പെരുപ്പവും നിർമ്മാണച്ചെലവും വില്ലനായി; കാറുകൾക്ക് 20,000 രൂപ വരെ വർധിപ്പിച്ച് മാരുതി

നിർമ്മാണച്ചെലവിലുണ്ടായ വർധനവും പണപ്പെരുപ്പവും മൂലം തെരഞ്ഞെടുത്ത വാഹന മോഡലുകളുടെ വില വർധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി. സെപ്റ്റംബർ മുതൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20,000 രൂപ വരെ വില വർധിക്കുമെന്ന് കമ്പനി അറിയിച്ചു. മേയ് മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് മാരുതി വാഹനങ്ങളുടെ വില കൂട്ടുന്നത്. ജൂണിൽ നിർമ്മാണച്ചെലവ് മുൻനിർത്തി 30,000 രൂപ വരെയും, ഓഗസ്റ്റിൽ മുഴുവൻ പാസഞ്ചർ വാഹനങ്ങൾക്കും കമ്പനി വില വർധിപ്പിച്ചിരുന്നു. മുൻപത്തെ വിലവർധനവുകൾ എല്ലാ മോഡലുകളെയും ബാധിച്ചിരുന്നെങ്കിൽ, ഇത്തവണ ചില പ്രത്യേക വാഹനങ്ങൾക്ക് മാത്രമായിരിക്കും തുക ഉയരുക. ഏതൊക്കെ മോഡലുകളെയാണ് ഇത് ബാധിക്കുകയെന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയുള്ള ഈ വിലവർധനവ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.

അസംസ്കൃത വസ്തുക്കളുടെ അമിതവില, പണപ്പെരുപ്പം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലമുണ്ടായ ഗതാഗത-ഇന്ധന ചെലവുകൾ എന്നിവയാണ് വില ഉയർത്താൻ കമ്പനിയെ നിർബന്ധിതമാക്കിയത്. ഉയർന്ന നിർമ്മാണച്ചെലവ് പരമാവധി കമ്പനി തന്നെ വഹിക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക ഭാരം പൂർണമായി താങ്ങാൻ കഴിയാത്തതിനാലാണ് ഒരു പങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതെന്ന് മാരുതി വ്യക്തമാക്കി. മാരുതിക്ക് പുറമെ ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളും ഉയർന്ന ചെലവുകൾ ചൂണ്ടിക്കാട്ടി അടുത്തിടെ വാഹനങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു.