പശ്ചിമേഷ്യൻ സംഘർഷാവസ്ഥ;ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തി സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂരിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തുന്ന SQ494 വിമാനവും ദുബായിൽ നിന്ന് സിംഗപ്പൂരിലേക്ക് മടങ്ങുന്ന SQ495 വിമാനവുമാണ് റദ്ദാക്കൽ പ്രധാനമായും ബാധിക്കുക
ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ നിർത്തിവെക്കുന്നതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. ഇതോടെ സിംഗപ്പൂരിനും ദുബായിക്കുമിടയിലെ നേരിട്ടുള്ള സർവീസുകൾ ദീർഘകാലത്തേക്ക് തടസ്സപ്പെടും.
സിംഗപ്പൂരിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തുന്ന SQ494 വിമാനവും ദുബായിൽ നിന്ന് സിംഗപ്പൂരിലേക്ക് മടങ്ങുന്ന SQ495 വിമാനവുമാണ് റദ്ദാക്കൽ പ്രധാനമായും ബാധിക്കുക. മേഖലയിലെ സാഹചര്യം അനിശ്ചിതമായി തുടരുന്നതിനാൽ മറ്റ് വിമാന സർവീസുകളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും എയർലൈൻസ് മുന്നറിയിപ്പ് നൽകി.
യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. വിമാനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കാൻ മാനേജ് ബുക്കിംഗ് വിഭാഗത്തിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കുകയോ മൊബൈൽ നോട്ടിഫിക്കേഷൻ സേവനത്തിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്നും കമ്പനി അറിയിച്ചു.
റദ്ദാക്കിയ സർവീസുകൾ കാരണം യാത്ര ചെയ്യാൻ കഴിയാത്ത ടിക്കറ്റുകൾക്ക് പൂർണമായ തുക തിരികെ നൽകും. സിംഗപ്പൂർ എയർലൈൻസിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഓൺലൈൻ അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം സമർപ്പിച്ച് റീഫണ്ട് ആവശ്യപ്പെടാം. ട്രാവൽ ഏജൻസികൾ വഴിയോ മറ്റ് പങ്കാളി വിമാനക്കമ്പനികൾ വഴിയോ ടിക്കറ്റെടുത്തവർ അതത് ഏജൻസികളുമായി ബന്ധപ്പെടണം. സർവീസ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.
Comments ()