ഐടിഐക്കാർക്ക് സുവർണാവസരം; റെയിൽവേയിൽ 6,777 ഒഴിവുകൾ

വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 6,777 ഒഴിവുകളാണ് നിലവിലുള്ളത്. ഐടിഐ (NCVT/SCVT) യോഗ്യത നേടിയ യുവാക്കൾക്ക് റെയിൽവേ മേഖലയിൽ പരിശീലനം നേടാനുള്ള അവസരമാണിത്

ഐടിഐക്കാർക്ക് സുവർണാവസരം; റെയിൽവേയിൽ 6,777 ഒഴിവുകൾ

നോർത്ത് ഫ്രണ്ടിയർ റെയിൽവേ (NFR) അപ്രന്റിസ് പരിശീലനത്തിനായി പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 6,777 ഒഴിവുകളാണ് നിലവിലുള്ളത്. ഐടിഐ (NCVT/SCVT) യോഗ്യത നേടിയ യുവാക്കൾക്ക് റെയിൽവേ മേഖലയിൽ പരിശീലനം നേടാനുള്ള അവസരമാണിത്.

ബിഹാർ, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ റെയിൽവേ യൂണിറ്റുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജൂലൈ 20 മുതൽ ഓഗസ്റ്റ് 19 വരെയാണ്. അപേക്ഷകരുടെ പ്രായപരിധി 15 മുതൽ 24 വയസ് വരെയാണ്.

ആവശ്യമായ വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
  • എസ്.സി, എസ്.ടി, പിഡബ്ല്യുഡി വിഭാഗങ്ങളിലുള്ളവർക്ക് 50 ശതമാനം മാർക്ക് നിബന്ധന ബാധകമല്ല.
  • അപേക്ഷിക്കുന്ന ട്രേഡുമായി ബന്ധപ്പെട്ട NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി/റേഡിയോളജി) ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്.

പരിശീലനം ലഭിക്കുന്ന പ്രധാന മേഖലകൾ

അപ്രന്റിസ് പരിശീലനത്തിനായി വിവിധ സാങ്കേതിക ട്രേഡുകളിലാണ് അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, പ്ലംബർ, കാർപെന്റർ, വയർമാൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, COPA (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്), പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നീഷ്യൻ തുടങ്ങിയ ട്രേഡുകളിലാണ് പരിശീലനം നൽകുന്നത്.

പരിശീലനത്തിനിടെ സാമ്പത്തിക ആനുകൂല്യം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപ്രന്റിസ് ആക്ട്, 1961 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് സ്റ്റൈപെൻഡ് ലഭിക്കും. നിലവിലെ നിരക്ക് പ്രകാരം പ്രതിമാസം ഏകദേശം 9,000 രൂപ മുതൽ 12,300 രൂപ വരെ ലഭിക്കാനാണ് സാധ്യത.

പരിശീലന ദൈർഘ്യം

മിക്ക ട്രേഡുകൾക്കും ഒരു വർഷമാണ് പരിശീലന കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചില പ്രത്യേക ട്രേഡുകളിൽ ആറ് മാസം മുതൽ ഒരു വർഷവും മൂന്ന് മാസവും വരെ പരിശീലനം നീളാം.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

റെയിൽവേ മേഖലയിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികൾക്ക് ഈ നിയമനം മികച്ച അവസരമാണെന്ന് NFR അറിയിച്ചു. ഭരണപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ, https://app.nfr-recruitment.in/assets/forms/NFR_Apprentice.pdf