ലോക്ഭവന് മുന്നിൽ വഴിയാത്രക്കാരൻ കുഴഞ്ഞുവീണു; രക്ഷകനായി എത്തി ഗവർണർ, അടിയന്തര സഹായം

വെള്ളയമ്പലം സ്വദേശിയായ ഗീരീഷിനാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് ഇയാൾ റോഡിൽ കുഴഞ്ഞുവീണതെന്നാണ് വിവരം.

ലോക്ഭവന് മുന്നിൽ വഴിയാത്രക്കാരൻ കുഴഞ്ഞുവീണു; രക്ഷകനായി എത്തി ഗവർണർ, അടിയന്തര സഹായം

തിരുവനന്തപുരം: ലോക്ഭവന് സമീപം വഴിയാത്രക്കാരൻ കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ നിന്ന് ഇറങ്ങി സഹായവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ രാജ്ഭവനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം.

വെള്ളയമ്പലം സ്വദേശിയായ ഗീരീഷിനാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് ഇയാൾ റോഡിൽ കുഴഞ്ഞുവീണതെന്നാണ് വിവരം.

ഗീരീഷ് റോഡിൽ വീണുകിടക്കുന്നത് കണ്ട ഗവർണർ ഉടൻ വാഹനത്തിൽ നിന്നിറങ്ങി സമീപത്തെത്തി. ഗീരീഷിന് ആവശ്യമായ അടിയന്തര സഹായം നൽകാൻ ഗവർണർ സ്റ്റാഫിന് നിർദേശം നൽകി. തുടർന്ന് സ്റ്റാഫ് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു.

ഗീരീഷിന്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് സംഭവവിവരം അറിയിക്കുകയും ചെയ്തു. എന്നാൽ കുടുംബാംഗങ്ങൾ ദൂരെയായിരുന്നതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.

ഗീരീഷിനെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ ഉറപ്പാക്കിയ ശേഷമാണ് ഗവർണർ സ്ഥലത്തുനിന്ന് മടങ്ങിയത്.