പ്രവാസികൾക്ക് വൻ ആശ്വാസം; സൗദിയിൽ പ്രോപ്പർട്ടി ഉടമസ്ഥാവകാശത്തിന് അനുമതി
പുതിയ ചട്ടങ്ങൾ പ്രകാരം മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വിദേശികൾക്ക് പ്രോപ്പർട്ടി സ്വന്തമാക്കാൻ പ്രത്യേകമായി നിർദേശിച്ച മേഖലകൾ അനുവദിച്ചിട്ടുണ്ട്
റിയാദ്: സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ വിദേശ നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉടമസ്ഥാവകാശം കൂടുതൽ വിപുലീകരിച്ച് അനുവദിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സൗദി പൗരൻമാരല്ലാത്തവർക്ക് സ്വത്ത് സ്വന്തമാക്കാൻ കഴിയുന്ന മേഖലകളും നിയമപരമായ വ്യവസ്ഥകളും വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.
പുതിയ ചട്ടങ്ങൾ പ്രകാരം മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വിദേശികൾക്ക് പ്രോപ്പർട്ടി സ്വന്തമാക്കാൻ പ്രത്യേകമായി നിർദേശിച്ച മേഖലകൾ അനുവദിച്ചിട്ടുണ്ട്. മക്കയിൽ അബ്‌റാജ് മക്ക, അൽമനാർ, അജ്‌യാദ് ടവർ, കിങ് സൽമാൻ ഗേറ്റ്, ത്വലാൽ വില്ലേജ്, ജബൽ ഉമർ, ദാഖിർ മക്ക, സുമുവ് സബർബ്, മസാർ എന്നിവയും മറ്റ് നിർദിഷ്ട മേഖലകളും ഉൾപ്പെടുന്നു. മദീനയിൽ അൽഗുറ, അൽമഹ്വ, ദാറത്ത് അൽഹിജ്റ, ഡൗൺടൗൺ മദീന, ദിയാർ അൽമുഖർ, റുവാ അൽമദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്‌റാഫ് എന്നിവയും അനുവദിച്ച മേഖലകളിലാണ്.
റിയാദിൽ ഖിദ്ദിയ, ന്യൂ അൽമുറബ്ബ, സ്പോർട്സ് ട്രാക്ക്, ദിരിയ ഗേറ്റ്, കിങ് സൽമാൻ പാർക്ക്, സിദ്‌റ, കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ട്, കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് മേഖല എന്നിവയും ഉൾപ്പെടുന്നു. ജിദ്ദയിൽ ജിദ്ദ സിറ്റി സെന്ററും നഗര വികസന പദ്ധതികളുടെ ഭാഗമായി വരുന്ന 55 പ്രത്യേക മേഖലകളും വിദേശ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അതിർത്തികളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
എന്നാൽ മക്കയും മദീനയും സംബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങൾ തുടരും. ഇവിടെ മുസ്ലിംകൾക്ക് മാത്രമേ സ്വത്ത് സ്വന്തമാക്കാൻ അനുമതിയുള്ളൂ. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ മറ്റ് നഗരങ്ങളിൽ സാധുവായ ഇഖാമയുള്ളവർക്കോ പ്രീമിയം ഇഖാമയുള്ളവർക്കോ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാൻ കഴിയും. വാങ്ങുന്ന സ്വത്ത് നിർബന്ധമായും റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതർക്ക് അറിയിക്കണമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
Comments ()