ആശയവിനിമയ സംവിധാനത്തിൽ തകരാർ; അമേരിക്കയിൽ ഒരു വിമാനവും പറന്നുയരരുതെന്ന് കർശന നിർദേശം

ഇന്റർനാഷണൽ വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമാക്കി

ആശയവിനിമയ സംവിധാനത്തിൽ തകരാർ; അമേരിക്കയിൽ ഒരു വിമാനവും പറന്നുയരരുതെന്ന് കർശന നിർദേശം

ന്യൂയോർക്ക്: അമേരിക്കയിൽ വ്യോമയാന മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് അധികൃതരുടെ അസാധാരണ നടപടി. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഒരു വിമാനവും പറന്നുയരരുത് (ഗ്രൗണ്ട് സ്റ്റോപ്പ്) എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കർശന നിർദേശം നൽകി. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് അടിയന്തര നടപടിക്ക് കാരണമെന്നാണ് സൂചന. എന്നാൽ, നിരോധനത്തിനുള്ള വ്യക്തമായ കാരണം എഫ്.എ.എ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അന്താരാഷ്ട്ര വിമാനങ്ങളുടെ ഗതാഗതം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സാങ്കേതിക തകരാർ പരിശോധിച്ച ശേഷം അടുത്ത നിർദേശങ്ങൾ ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു. അറ്റ്ലാന്റ, വാഷിംഗ്ടൺ ഡിസി, മിയാമി, ബി.ഡബ്ല്യു.ഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ടേക്ക് ഓഫുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ മൂവായിരത്തോളം വിമാനങ്ങൾ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ആകാശത്തുള്ളതായാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വ്യക്തമാക്കുന്നത്.

ഇതിന് മുൻപ് 2023 ജനുവരിയിലാണ് അമേരിക്കയിൽ സമാനമായ സാഹചര്യമുണ്ടായത്. പൈലറ്റ് നോട്ടിഫിക്കേഷൻ സിസ്റ്റം (NOTAM) തകരാറിലായതിനെ തുടർന്നായിരുന്നു അന്ന് വിമാനങ്ങൾ തടഞ്ഞിട്ടത്. അതിനുമുൻപ് 2001-ലെ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് രാജ്യവ്യാപകമായി ഇത്തരമൊരു വ്യോമയാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.