സൗദി കപ്പലിന് നേരെ ഇറാൻ ആക്രമണം: മേഖലയിൽ സംഘർഷാവസ്ഥ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

സൗദി അറേബ്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ​ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തി.

സൗദി കപ്പലിന് നേരെ ഇറാൻ ആക്രമണം: മേഖലയിൽ സംഘർഷാവസ്ഥ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യൻ എണ്ണക്കപ്പലായ ‘സെദറിന്’ നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ്-അറബ് രാജ്യങ്ങൾ രൂക്ഷമായി അപലപിച്ചു. ജീവനക്കാർ കൊല്ലപ്പെട്ട ഈ സംഭവം മേഖലയുടെ സുരക്ഷയ്ക്കും ആഗോള സാമ്പത്തിക ഭദ്രതയ്ക്കും വൻ വെല്ലുവിളിയാണെന്ന് പ്രമുഖ രാജ്യങ്ങൾ വ്യക്തമാക്കുകയും സൗദിക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രംഗത്തെത്തുകയും ചെയ്തു. ഇറാന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള ഊർജ്ജ വിതരണത്തിനും നാവിക സുരക്ഷയ്ക്കും കടുത്ത ഭീഷണിയുമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി ചൂണ്ടിക്കാട്ടി.

സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ അവർ സ്വീകരിക്കുന്ന ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ഖത്തർ, ഇറാന്റെ സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളും നാവിക ഗതാഗത സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. കടലിടുക്ക് അടച്ചിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും യാതൊരു ഉപാധികളുമില്ലാതെ ഇത് അടിയന്തരമായി തുറക്കണമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രകോപനപരമായ നടപടിയെ ശക്തമായി അപലപിച്ച കുവൈറ്റും ജോർദ്ദാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഈ ആക്രമണം ആഗോള സാമ്പത്തിക ഭദ്രതയെ തകർക്കുന്നതാണെന്ന് കുവൈറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോർദാനും വ്യക്തമാക്കി.