ഗൾഫ് രാജ്യങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യുഎഇയിൽ ഓഗസ്റ്റ് 6 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കിഴക്കൻ ഭാഗത്തുള്ള ന്യൂനമർദ സംവിധാനത്തിന്റെ സ്വാധീനത്തിൽ മേഘങ്ങൾ രൂപപ്പെടുകയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ

ഗൾഫ് രാജ്യങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ്

അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിൽ ഓഗസ്റ്റ് 6 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കിഴക്കൻ ഭാഗത്തുള്ള ന്യൂനമർദ സംവിധാനത്തിന്റെ സ്വാധീനത്തിൽ മേഘങ്ങൾ രൂപപ്പെടുകയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ഫുജൈറയിലെ മസാഫി ഉൾപ്പെടെയുള്ള മേഖലകളിൽ വേനൽക്കാലത്തിനിടെ ലഭിച്ച മഴ ശ്രദ്ധേയമായിരുന്നു.

സൗദി അറേബ്യയിലും അസീർ, ജാസാൻ, അൽ ബഹ, നജ്റാൻ, മക്കയിലെ മലയോര മേഖലകൾ എന്നിവിടങ്ങളിൽ ആഴ്ചാവസാനം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ നിരന്തരം പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഒമാനിലും ഹജർ പർവതനിരകൾ കേന്ദ്രീകരിച്ച് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ ഗവർണറേറ്റുകളിലേക്കും മഴമേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.