ഗൾഫ് പ്രവാസികൾക്ക് അവധി; നബിദിനത്തിൽ നാല് രാജ്യങ്ങളിൽ പൊതു അവധി

യുഎഇയിൽ നബിദിനം ഓഗസ്റ്റ് 25നാണെങ്കിലും അവധി ഓഗസ്റ്റ് 28 വെള്ളിയാഴ്ച നൽകാനാണ് തീരുമാനം. വെള്ളിയാഴ്ചയ്ക്ക് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയും വരുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും

ഗൾഫ് പ്രവാസികൾക്ക് അവധി; നബിദിനത്തിൽ നാല് രാജ്യങ്ങളിൽ പൊതു അവധി

ദുബൈ: നബിദിനം പ്രമാണിച്ച് ഗൾഫ് മേഖലയിലെ നാല് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു. യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് നബിദിനവുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി ലഭിക്കുക. എന്നാൽ നാല് രാജ്യങ്ങളിലും അവധി ദിനം ഒരേ ദിവസമല്ല.

യുഎഇയിൽ നബിദിനം ഓഗസ്റ്റ് 25നാണെങ്കിലും അവധി ഓഗസ്റ്റ് 28 വെള്ളിയാഴ്ച നൽകാനാണ് തീരുമാനം. വെള്ളിയാഴ്ചയ്ക്ക് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയും വരുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച പതിവ് അവധിയായതിനാൽ അവിടുത്തെ അവധി ക്രമം വ്യത്യസ്തമായിരിക്കും.

ഒമാനിലും കുവൈത്തിലും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിന അവധി. സാധാരണ വെള്ളി-ശനി വാരാന്ത്യ അവധിയുമായി ഇത് ചേരുന്നതിനാൽ ഇരുരാജ്യങ്ങളിലെയും ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഇടവേള ലഭിക്കും.

അതേസമയം, ബഹ്റൈനിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് പൊതു അവധി. നബിദിനത്തോടനുബന്ധിച്ചുള്ള അവധി സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്.

ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസത്തിലെ 12-ാം തീയതിയാണ് പല മുസ്ലിം രാജ്യങ്ങളിലും പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായി ആചരിക്കുന്നത്. മാസപ്പിറവി നിർണയിക്കുന്ന രീതിയനുസരിച്ച് നബിദിനത്തിന്റെ തീയതിയിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യാസമുണ്ടാകാം.