ഗുരുവായൂരിൽ വരും ദിവസങ്ങളിൽ റിക്കോർഡ് വിവാഹ ബുക്കിങ്: സുഗമമായ ദർശനത്തിനും ചടങ്ങുകൾക്കുമായി പ്രത്യേക ക്രമീകരണങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വിവാഹങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വരും ദിവസങ്ങളിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ആഗസ്റ്റ് 23 ഞായറാഴ്ച 422, ആഗസ്റ്റ് 30-ന് 338, സെപ്റ്റംബർ 13-ന് 320 എന്നിങ്ങനെയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള വിവാഹ ബുക്കിങ്ങുകൾ. ഈ ദിവസങ്ങളിൽ ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്രദർശനം സാധ്യമാക്കാനും വിവാഹച്ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കാനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പോലീസിന്റെ പൂർണ്ണ സഹകരണത്തോടെയാകും ക്രമീകരണങ്ങൾ നടപ്പിലാക്കുക. ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേത്രത്തിനുള്ളിലും പുറത്തും ക്ഷേത്രനഗരിയുടെ വിവിധ ഭാഗങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Comments ()