ഡിസംബർ 1 മുതൽ ഗുരുവായൂർ ‌ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക ക്യൂ

ഡിസംബർ 1 മുതൽ ക്ഷേത്രദർശനത്തിനു സ്ത്രീകൾക്കു മാത്രമായി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തും.

ഡിസംബർ 1 മുതൽ ഗുരുവായൂർ ‌ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക ക്യൂ

ഗുരുവായൂർ: ക്ഷേത്രദർശനത്തിനായി എത്തുന്ന സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങൾക്കും സുഗമമായി തൊഴുതു മടങ്ങുന്നതിനായി ഡിസംബർ 1 മുതൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ അറിയിച്ചു.

ദശമി, ഏകാദശി ദിവസങ്ങളോടനുബന്ധിച്ച് തുടർച്ചയായി 53 മണിക്കൂർ തുറന്നിരുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ 8 മണിക്ക് അടയ്ക്കും. തുടർന്ന് ക്ഷേത്രത്തിനകം ശുദ്ധീകരിച്ച് പുണ്യാഹവും പതിവ് പൂജകളും നടത്തുമെങ്കിലും വൈകിട്ട് 4.30-ന് നട തുറക്കുന്നതുവരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ഈ സമയങ്ങളിൽ ദർശനം, വിവാഹം, ചോറൂണ്, വാഹനപൂജ എന്നിവയും ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് രാത്രി തിരശ്ശീല വീഴും. രാത്രി 8.30-ന് സംഗീതോത്സവത്തിന്റെ അണിയറപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിന് ശേഷം, ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ചുകൊണ്ട് സംഗീതാർച്ചനയ്ക്ക് സമാപനം കുറിക്കും.