മൂന്നാറിൽ യുവതിയുടെ മരണം കൊലപാതകം; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ജാഗേശ്വർ കുമാർ ദാസിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയായ കബിത ബോറെയാണ് കൊല്ലപ്പെട്ടത്
തൊടുപുഴ: മൂന്നാറിൽ യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കിയ പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത് കൊലപാതകം. വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെത്തിച്ച യുവതിയെ ഭർത്താവ് തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ജാഗേശ്വർ കുമാർ ദാസിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയായ കബിത ബോറെയാണ് കൊല്ലപ്പെട്ടത്.
ഭാര്യയെക്കുറിച്ചുള്ള സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കബിത വിഷം കഴിച്ചെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ജാഗേശ്വർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികത സംശയിച്ച പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പ്രണയവിവാഹിതരായ ഇരുവരും രണ്ടുവർഷം മുമ്പാണ് ഒരുമിച്ച് താമസം തുടങ്ങിയത്. മൂന്നാർ പെരിയവാര എസ്റ്റേറ്റിലായിരുന്നു ഇവരുടെ താമസം. പെരിയവാര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കബിത കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ ദമ്പതികൾക്കിടയിൽ നിരന്തരം കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഭാര്യയെക്കുറിച്ചുള്ള ഭർത്താവിന്റെ സംശയം തർക്കങ്ങൾക്ക് കാരണമായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കബിത സഹോദരനൊപ്പം ഒരു സുഹൃത്തിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ പോയതിനു പിന്നാലെ ജാഗേശ്വറിന്റെ സംശയം വർധിച്ചെന്നാണ് വിവരം. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. രണ്ടുദിവസമായി ഇവിടെ താമസിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഭവത്തിനുശേഷം വിഷം കഴിച്ചെന്നു പറഞ്ഞ് കബിതയെ ആശുപത്രിയിലെത്തിച്ച പ്രതി, മരണത്തിന് പിന്നിലെ യഥാർഥ കാരണം മറച്ചുവെക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Comments ()