മയിൽപ്പീലി പരീക്ഷാ വിവാദം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. കൃഷ്ണദാസ്

ദേശവിരുദ്ധ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു

മയിൽപ്പീലി പരീക്ഷാ വിവാദം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. കൃഷ്ണദാസ്

കൊല്ലം: മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ദേശവിരുദ്ധ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മയിൽപ്പീലി എന്ന പേരിനോട് പോലും എതിർപ്പുണ്ടോ എന്ന് ചോദിച്ച കൃഷ്ണദാസ്, ഇത്തരം നടപടികൾ സമൂഹത്തിൽ ഭിന്നതയും വിഭാഗീയതയും വളർത്താനാണ് സഹായിക്കുകയെന്നും കുറ്റപ്പെടുത്തി. ഇതിന് കോൺഗ്രസ് രാഷ്ട്രീയമായി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ പരസ്പര വിശ്വാസമില്ലാത്ത അവസ്ഥയിലാണ് സർക്കാരിന്റെ പ്രവർത്തനമെന്നും കൃഷ്ണദാസ് പരിഹസിച്ചു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട ഭരണസംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചർച്ചകളും രാഷ്ട്രീയ നിലപാടുകളും ചില പ്രത്യേക സംഘടനാ നേതൃത്വങ്ങളെ കേന്ദ്രീകരിച്ചാണെന്നും പാണക്കാട് തങ്ങളുമായും ജമാഅത്തെ ഇസ്‌ലാമി അമീറുമായുമാണ് മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് നടന്നത് യഥാർത്ഥ അധികാരമാറ്റമല്ലെന്നും പദവികൾ കൈമാറുക മാത്രമാണ് ചെയ്തതെന്നും കൃഷ്ണദാസ് പറഞ്ഞു. മുൻ സർക്കാരിന്റെ ഭരണശൈലിയുടെ തുടർച്ചയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ നിന്നുള്ള രാഷ്ട്രീയ നേതൃത്വത്തിന് പകരം പറവൂരിൽ നിന്നുള്ള നേതൃത്വം എത്തിയെന്നതൊഴിച്ചാൽ ഭരണത്തിൽ കാര്യമായ മാറ്റമില്ലെന്നും 'മീശയില്ലാത്ത മുഖ്യമന്ത്രിക്ക് പകരം മീശയുള്ള മുഖ്യമന്ത്രി' വന്നുവെന്ന പരിഹാസത്തിലൂടെ അദ്ദേഹം വിമർശനം തുടർന്നു.