ഗുരുവായൂരപ്പന് ഇനി ഇലക്ട്രിക് ഓട്ടോയും; പുതിയ വാഹനം വഴിപാടായി നൽകി മഹീന്ദ്ര
ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വാഹനത്തെക്കുറിച്ച് മഹീന്ദ്ര നൽകുന്ന വിവരം. ആറ് വർഷത്തെ വാറണ്ടിയും വാഹനത്തിനുണ്ട്. ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം ഉപയോഗപ്പെടുത്തും.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ വഴിപാടായി സമർപ്പിച്ച് മഹീന്ദ്ര. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിലാണ് വാഹനത്തിന്റെ താക്കോലും രേഖകളും ദേവസ്വത്തിന് കൈമാറിയത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഇവ ഏറ്റുവാങ്ങി.
ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വാഹനത്തെക്കുറിച്ച് മഹീന്ദ്ര നൽകുന്ന വിവരം. ആറ് വർഷത്തെ വാറണ്ടിയും വാഹനത്തിനുണ്ട്. ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം ഉപയോഗപ്പെടുത്തും.
മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം.ഡി അശോക് കുമാർ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ് എന്നിവർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം പർച്ചേസ് ഡി.എ കെ.എസ്. മായാദേവി, മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർമാരായ എ.വി. പ്രശാന്ത്, സി.ആർ. ലെജുമോൾ, വെഹിക്കിൾ സൂപ്പർവൈസർ സതീശൻ എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
ഗുരുവായൂരപ്പന് വാഹനങ്ങൾ സമർപ്പിക്കുന്നതിൽ മഹീന്ദ്രയ്ക്ക് ഇത് പുതിയൊരു അധ്യായമാണ്. എക്സ്‌യുവി 700, ലിമിറ്റഡ് എഡിഷൻ ഥാർ, ട്രയോ പ്ലസ് ഇലക്ട്രിക് ഓട്ടോ എന്നിവ നേരത്തെയും കമ്പനി ക്ഷേത്രത്തിന് വഴിപാടായി നൽകിയിട്ടുണ്ട്.
വാഹനങ്ങൾക്കൊപ്പം വിവിധ വിലപിടിപ്പുള്ള വസ്തുക്കളും ഗുരുവായൂരപ്പന് ഭക്തർ സമർപ്പിക്കാറുണ്ട്. ചന്ദനം അരയ്ക്കുന്നതിനുള്ള യന്ത്രം, വാട്ടർ കൂളർ, ഫ്രീസർ തുടങ്ങിയവയും അടുത്തിടെ വഴിപാടായി ലഭിച്ചിരുന്നു.
Comments ()