ഇപിഎഫ് ഇ-നോമിനേഷൻ ചെയ്തില്ലേ? ഭാവിയിൽ കുടുംബത്തെ ബാധിക്കാവുന്ന വലിയ പിഴവ്

അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ഇപിഎഫ് നിക്ഷേപം, എംപ്ലോയീസ് പെൻഷൻ സ്കീം (EPS), എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) എന്നിവയുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് എളുപ്പത്തിൽ ലഭിക്കാൻ നോമിനേഷൻ നിർണായകമാണ്

ഇപിഎഫ് ഇ-നോമിനേഷൻ ചെയ്തില്ലേ? ഭാവിയിൽ കുടുംബത്തെ ബാധിക്കാവുന്ന വലിയ പിഴവ്

ജോലിക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ദീർഘകാല സമ്പാദ്യമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). എന്നാൽ അക്കൗണ്ട് തുറന്നശേഷം നോമിനിയെ ചേർക്കുകയോ പിന്നീട് അത് പുതുക്കുകയോ ചെയ്യാൻ പലരും ശ്രദ്ധിക്കാറില്ല. ഇത് ഭാവിയിൽ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാകാം.

അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ഇപിഎഫ് നിക്ഷേപം, എംപ്ലോയീസ് പെൻഷൻ സ്കീം (EPS), എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) എന്നിവയുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് എളുപ്പത്തിൽ ലഭിക്കാൻ നോമിനേഷൻ നിർണായകമാണ്. മുൻകൂട്ടി നോമിനേഷൻ നൽകിയിട്ടുണ്ടെങ്കിൽ ക്ലെയിം നടപടികൾ കൂടുതൽ വേഗത്തിലും ലളിതമായും പൂർത്തിയാക്കാൻ സാധിക്കും.

കുടുംബത്തിലെ സാഹചര്യങ്ങൾ മാറുമ്പോൾ നോമിനേഷൻ വിവരങ്ങളും പുതുക്കുന്നത് അത്രയും പ്രധാനമാണ്. വിവാഹം, കുട്ടിയുടെ ജനനം, നിലവിലെ നോമിനിയുടെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ പുതിയ വിവരങ്ങൾ ചേർക്കുന്നത് പിന്നീട് ഉണ്ടാകാവുന്ന നിയമപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ആധാറുമായി ബന്ധിപ്പിച്ച യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉള്ള എല്ലാ ഇപിഎഫ് അംഗങ്ങൾക്കും ഇ-നോമിനേഷൻ ഓൺലൈനായി നൽകാൻ കഴിയും. ഇതിനായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പ്രവർത്തനക്ഷമമായിരിക്കണം.

ഇ-നോമിനേഷൻ ചെയ്യാനുള്ള നടപടികൾ

ആദ്യം ഇപിഎഫ്ഒ അംഗങ്ങളുടെ പോർട്ടലിൽ UAN നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് Manage മെനുവിൽ നിന്ന് e-Nomination തിരഞ്ഞെടുക്കുക.

അടുത്തതായി Family Declaration വിഭാഗത്തിൽ Yes എന്ന ഓപ്ഷൻ നൽകുക. ശേഷം നോമിനിയുടെ പേര്, ജനനത്തീയതി, ആധാർ വിവരങ്ങൾ, വിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തണം. ഒന്നിലധികം നോമിനികളെ ഉൾപ്പെടുത്തുകയാണെങ്കിൽ ഓരോരുത്തർക്കും ലഭിക്കേണ്ട വിഹിതം ശതമാനമായി പ്രത്യേകം രേഖപ്പെടുത്തി വിവരങ്ങൾ സേവ് ചെയ്യുക.

എന്നാൽ സേവ് ചെയ്യുന്നതോടെ നടപടികൾ അവസാനിക്കുന്നില്ല. അവസാനഘട്ടമായ e-Sign നിർബന്ധമായും പൂർത്തിയാക്കണം. ഇതിനായി ആധാർ നമ്പറോ Virtual ID (VID) യോ നൽകി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകി സ്ഥിരീകരണം നടത്തണം.

ഒടുവിൽ "Nomination Successful" എന്ന സന്ദേശം സ്ക്രീനിൽ കാണിച്ചാൽ മാത്രമേ ഇ-നോമിനേഷൻ വിജയകരമായി പൂർത്തിയായതായി കണക്കാക്കൂ. അതിനാൽ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ നോമിനേഷൻ നിലവിലുണ്ടോ, വിവരങ്ങൾ കൃത്യമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ചെറിയൊരു ഓൺലൈൻ നടപടിയിലൂടെ ഭാവിയിൽ കുടുംബത്തിന് വലിയ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും.