ആരോഗ്യ ഇൻഷുറൻസിൽ വൻ മാറ്റം: 2 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞാലും ക്ലെയിം നൽകാൻ IRDAI ഉത്തരവ്

ണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയിലോ നിരീക്ഷണത്തിലോ കഴിഞ്ഞാല്‍ത്തന്നെ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാം.

ആരോഗ്യ ഇൻഷുറൻസിൽ വൻ മാറ്റം: 2 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞാലും ക്ലെയിം നൽകാൻ IRDAI ഉത്തരവ്

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വിപ്ലവകരമായ മാറ്റവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണമെന്ന പഴയ നിബന്ധന ആവശ്യമില്ല, വെറും 2 മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയോ നിരീക്ഷണത്തിലോ കഴിഞ്ഞാല്‍ത്തന്നെ ക്ലെയിമിന് അര്‍ഹതയുണ്ടായിരിക്കും.

പുതിയ ചട്ടമനുസരിച്ച്, കുറഞ്ഞത് രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയിലോ നിരീക്ഷണത്തിലോ കഴിഞ്ഞാല്‍ത്തന്നെ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാം. അടിയന്തര പരിചരണം, ചെറിയ ശസ്ത്രക്രിയകള്‍, ഹ്രസ്വകാല ആശുപത്രി വാസം എന്നിവ ആവശ്യമുള്ള രോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

മുന്‍കാലങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രരംഗത്തെ ആധുനിക പുരോഗതി കാരണം, മുന്‍പ് ഒരു ദിവസം മുഴുവന്‍ വേണ്ടിയിരുന്ന പല ചികിത്സകളും ഇന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ ഇപ്പോള്‍ ചരിത്രപരമായ ഈ മാറ്റം വരുത്തിയിരിക്കുന്നത്.

2 മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിന് ശേഷവും ക്ലെയിം ലഭിക്കും. ഡേ-കെയര്‍ ചികിത്സകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ലഭിക്കുന്നത് ഗുണകരമാകും. രോഗികള്‍ക്ക് സ്വന്തം പണം ചെലവഴിക്കേണ്ട സാഹചര്യം കുറയുന്നതോടൊപ്പം ആശുപത്രിയില്‍ അനാവശ്യമായി രാത്രി തങ്ങേണ്ട ആവശ്യവും ഒഴിവാകും. അതേസമയം, കുറഞ്ഞ സമയം ആശുപത്രിയില്‍ കഴിയുന്നതിലൂടെ ആശുപത്രി ബില്‍ കുറയുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ചെലവ് നിയന്ത്രിക്കാനാകും. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ ഒരു ദിവസത്തെ ആശുപത്രി ചെലവ് 15,000 മുതല്‍ 30,000 വരെ എത്തുന്ന സാഹചര്യത്തില്‍ ഈ മാറ്റം ഇരുകൂട്ടര്‍ക്കും ഗുണകരമാകും.