സംസ്ഥാനത്ത് ചൂട് കടുക്കുന്നു: ജാഗ്രതാ നിര്‍ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം

സംസ്ഥാനത്ത് ചൂട് കടുക്കുന്നു: ജാഗ്രതാ നിര്‍ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും

സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഉഷ്ണതരംഗ സാഹചര്യമില്ലെങ്കിലും, നാളെ വരെ കനത്ത ചൂട് തുടരുമെന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ്രധാനമായും പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ദാഹമില്ലെങ്കിലും ശുദ്ധജലം, ORS ലായനി, സംഭാരം എന്നിവ ധാരാളമായി കുടിക്കുകയും, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉൾപ്പെടുത്തുകയും വേണം. അതേസമയം, ദാഹമകറ്റാന്‍ മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ ഇവ ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങളും, പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ശീലമാക്കുക.

സൂര്യാഘാതത്തിന് എളുപ്പത്തില്‍ സാധ്യതയുള്ള കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഉച്ചവെയിലില്‍ പുറത്തിറങ്ങാതെ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകളിലും അംഗനവാടികളിലും കുട്ടികള്‍ക്ക് കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതാണ്; അസംബ്ലികളും ഉച്ചസമയത്തുള്ള വിനോദസഞ്ചാരങ്ങളും ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ഇരുചക്രവാഹനങ്ങളിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉച്ചസമയത്ത് ജോലി ക്രമീകരിക്കുകയും തണലില്‍ വിശ്രമിക്കാനും കുടിവെള്ളം കുടിക്കാനും ശ്രദ്ധിക്കുകയും വേണം. പൊതുപരിപാടികളും സമ്മേളനങ്ങളും സാധ്യമെങ്കില്‍ പകല്‍ 11 മുതൽ 3 വരെയുള്ള സമയത്ത് ഒഴിവാക്കുകയും സംഘാടകര്‍ പങ്കെടുക്കുന്നവര്‍ക്ക് തണലും കുടിവെള്ളവും ഉറപ്പാക്കുകയും വേണം.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, കാടുകള്‍ എന്നിവിടങ്ങളില്‍ തീപിടുത്തത്തിനും കാട്ടുതീക്കും സാധ്യത കൂടുതലായതിനാല്‍ കടുത്ത ജാഗ്രതയും കൃത്യമായ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്നൊരുക്കങ്ങളും ആവശ്യമാണ്. കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടുകയോ വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുകയോ ചെയ്യരുത്. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ അടച്ചിട്ട വാഹനങ്ങളില്‍ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും, യാത്രകളില്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കരുതാനും ശ്രദ്ധിക്കുക. ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.