കുവൈത്തിൽ ചൂട് കനക്കും; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്‌

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ വേഗതയിൽ വീശുമെങ്കിലും ഇടയ്ക്കിടെ ശക്തി പ്രാപിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്

കുവൈത്തിൽ ചൂട് കനക്കും; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്‌

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കടുത്ത ചൂടിനൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യത്തോടെ വിവിധ മേഖലകളിൽ ദൃശ്യപരത കുറയുന്ന തരത്തിൽ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിറാർ അൽ അലി വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ വേഗതയിൽ വീശുമെങ്കിലും ഇടയ്ക്കിടെ ശക്തി പ്രാപിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ സമയത്തെ പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്നാണ് പ്രവചനം. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തിരമാലകൾക്ക് ആറടി വരെ ഉയരം ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.

ശനിയാഴ്ച ചൂടിന്റെ തോത് വീണ്ടും ഉയർന്ന് പകൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുന്നതിനാൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാത്രികാല താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ചൂടും പൊടിയും കൂടുതലുള്ള സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ശ്വാസകോശ രോഗമുള്ളവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.