കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യത. ഇതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ബാക്കിയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, വരും ദിവസങ്ങളില്‍ മധ്യ വടക്കന്‍ ജില്ലകളില്‍ മഴ കനക്കും.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.