കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

കണ്ണൂരും കാസര്‍കോടും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ മുന്നറിയിപ്പാണ് ഈ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്. കണ്ണൂരും കാസര്‍കോടും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഓറഞ്ച് അലര്‍ട്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഇന്ന് (ജൂണ്‍ 28) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റര്‍ വീതം (കഴിഞ്ഞ ദിവസം ഉയര്‍ത്തിയ 40 സെന്റിമീറ്റര്‍ ഉള്‍പ്പടെ ആകെ 80 സെന്റിമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എ. നിസ അറിയിച്ചു.