സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'മുറാസു' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തല്ലാകാന്‍ സാധ്യതയുള്ളത്. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.