കേരളത്തിൽ മഴ ശക്തമാകും; നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. ഇവിടെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്

കേരളത്തിൽ മഴ ശക്തമാകും; നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം നാളെ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേത്തുടർന്ന് ഈ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. ഇവിടെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലേക്കുള്ള യാത്രയിലും ജാഗ്രത പാലിക്കണം.