ഗുണ്ടാബന്ധം തെളിഞ്ഞു; പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പീച്ചി സ്വർണക്കവർച്ച കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളുമായി നിഷാന്തിന് അടുത്ത ബന്ധമുണ്ടെന്ന പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഏതാനും മാസങ്ങളായി ഇയാൾ സസ്പെൻഷനിലായിരുന്നു

ഗുണ്ടാബന്ധം തെളിഞ്ഞു; പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ നിഷാന്ത് പി. ചന്ദ്രനെയാണ് പുറത്താക്കിയത്.

പീച്ചി സ്വർണക്കവർച്ച കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളുമായി നിഷാന്തിന് അടുത്ത ബന്ധമുണ്ടെന്ന പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഏതാനും മാസങ്ങളായി ഇയാൾ സസ്പെൻഷനിലായിരുന്നു. അന്വേഷണത്തിൽ വിവിധ കേസുകളിലെ പ്രതികളുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടതായും അവർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും കണ്ടെത്തിയെന്നാണ് വിവരം.

അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ സർവീസിൽ തുടരാൻ അനുവദിക്കാതിരിക്കാനുള്ള കാരണങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നിഷാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം. തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിഷാന്തിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നാണ് റിപ്പോർട്ട്.