തമിഴ്നാട്ടിൽ കനത്ത മഴ: ആറ് മരണം; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, നീലഗിരിയിൽ വ്യാപക മണ്ണിടിച്ചിൽ
ചെന്നൈ അടക്കം 11 ജില്ലകളിൽ യെല്ലോ അലർട്ട്.
ചെന്നൈ: തമിഴ്നാട്ടിൽ പെയ്യുന്ന അതിശക്തമായ മഴയിൽ പരക്കെ വൻ നാശനഷ്ടങ്ങളും ആറ് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് 45-കാരിയായ പ്രദേശവാസിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതികമ്പിയിൽ തട്ടി 45-കാരിയും മരണപ്പെട്ടു.
വൻ മണ്ണിടിച്ചിൽ അനുഭവപ്പെട്ട നീലഗിരിയിൽ 24 മണിക്കൂറിനിടെ 62 ഇടങ്ങളിലാണ് മണ്ണും പാറയും ഇടിഞ്ഞുവീണത്; ഊട്ടിയിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തസാഹചര്യം കണക്കിലെടുത്ത് ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലകളിലും നീലഗിരിയിലെ നാല് താലൂക്കുകളിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, മഴക്കെടുതി രൂക്ഷമായതോടെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 18 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ അടക്കം 11 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
Comments ()