അമ്മാവന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് പുതിയ 'ഥാർ' വാങ്ങി; വാഹന പൂജയ്ക്ക് അമ്മാവനെയും വിളിച്ചു, 19-കാരൻ പിടിയിൽ
ഒരുമാസം മുൻപാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽനിന്ന് 21 പവനോളം സ്വർണം പ്രതി മോഷ്ടിച്ചത്.
മുംബൈ: അമ്മാവന്റെ വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷ്ടിച്ച് പുതിയ 'ഥാർ' വാഹനം വാങ്ങിയ 19-കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ കോലാപുർ സത്താവെ ഗ്രാമത്തിലെ സമർ ചവാനാണ് അറസ്റ്റിലായത്. ഒരു മാസം മുൻപാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽനിന്ന് പ്രതി സ്വർണം കവർന്നത്.
മോഷ്ടിച്ച സ്വർണം ഗ്രാമത്തിലെ ആഭരണ വ്യാപാരിയായ സംഗറാം ബാബസോയ്ക്ക് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പ്രതി പുതിയ വാഹനം വാങ്ങിയത്. ഈ വാഹനത്തിന്റെ പൂജ ചടങ്ങിലേക്ക് അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കളെയും സമർ ചവാൻ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിനായി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് ഉമേഷ് മാരുതി സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് മോഷണം പോയത്. മുത്തശ്ശിയുടെ സ്വർണം സുരക്ഷിതമായിരുന്നത് പൊലീസിൽ സംശയമുണർത്തി. വീട്ടിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം ബന്ധുക്കളിലേക്ക് തിരിഞ്ഞു.
ഇതിനിടെ, പ്രായപൂർത്തിയാകാത്ത അല്ലെങ്കിൽ വലിയ വരുമാനമില്ലാത്ത 19-കാരൻ പുതിയ ഥാർ വാഹനം വാങ്ങിയ വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ സംഗറാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments ()