ഇന്ധന നികുതി കുറച്ച തമിഴ്‌നാടിനെ പ്രശംസിച്ച് കേന്ദ്രം, വിമാനയാത്രാ ചെലവ് കുറയ്ക്കാൻ നീക്കം

ചെന്നൈ വിമാനത്താവളത്തിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) മൂല്യവർധിത നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറച്ചു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി ഒരു ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്

ഇന്ധന നികുതി കുറച്ച തമിഴ്‌നാടിനെ പ്രശംസിച്ച് കേന്ദ്രം, വിമാനയാത്രാ ചെലവ് കുറയ്ക്കാൻ നീക്കം

ചെന്നൈ: വിമാന ഇന്ധനത്തിന്റെ നികുതി കുറച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ആഗോളതലത്തിൽ ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ.

ചെന്നൈ വിമാനത്താവളത്തിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) മൂല്യവർധിത നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറച്ചു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി ഒരു ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനയാത്ര കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് റാം മോഹൻ നായിഡു എക്സിലൂടെ പ്രതികരിച്ചു. ജിഎസ്ടി പരിധിക്ക് പുറത്തുള്ള എടിഎഫിന്റെ നികുതി നിരക്ക് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്.

വിമാനക്കമ്പനികളുടെ ചെലവിൽ നിർണായക പങ്കുവഹിക്കുന്നത് ഇന്ധനവിലയാണ്. സാധാരണ സാഹചര്യങ്ങളിൽ ആകെ പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ ഇന്ധനത്തിനായി ചെലവഴിക്കുമ്പോൾ, നിലവിലെ സാഹചര്യത്തിൽ ഇത് 55–60 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലെ വർധനയും വ്യോമാതിർത്തികൾ അടച്ചിടുന്നതുമെല്ലാം വിമാന സർവീസുകളുടെ ചെലവ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് രൂപയുടെ മൂല്യത്തകർച്ചയും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നത് ഇന്ധനച്ചെലവും വർധിപ്പിക്കുന്നു. എടിഎഫിന്റെ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നത് വിമാനക്കമ്പനികളുടെ ചെലവുഭാരം ലഘൂകരിക്കാനും യാത്രാനിരക്കുകളിലെ വർധന നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.