സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട മുതൽ വയനാട് വരെ വ്യാപകമായ മഴ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ചും യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാമെന്നും 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട മുതൽ വയനാട് വരെ വ്യാപകമായ മഴ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഉത്തരകേരള ജില്ലകളിൽ ഉൾപ്പെടെ മഴ ശക്തമായി തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെയും കർണാടക തീരത്ത് ഞായറാഴ്ച വരെയും മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിലെത്താവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.