ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം; കേരളത്തിൽ വീണ്ടും കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയും തീരദേശ ന്യൂനമർദ പാത്തിയും സജീവമായതോടെ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം.
ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
നാളെയും മഴയുടെ ശക്തി തുടരുമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
തെക്കൻ തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ ന്യൂനമർദ പാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലയിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Comments ()