ഇ ശ്രീധരൻ റിപ്പോർട്ടിൽ അപാകതകൾ; അതിവേഗ റെയിൽ പദ്ധതിക്ക് വിദഗ്ധ സമിതിയുടെ വിമർശനം
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി
തിരുവനന്തപുരം: അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ പ്രധാന നിർദേശം. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഹൈ സ്പീഡ് റെയിൽ പദ്ധതി റിപ്പോർട്ട് പരിശോധിക്കുന്നതിനായി ധനകാര്യ, റെയിൽവേ, പരിസ്ഥിതി മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ സമിതി രൂപീകരിച്ചിരുന്നു. ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും സമിതിയിലെ അംഗങ്ങളായിരുന്നു.
പദ്ധതിയുടെ സാധ്യതകൾ, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, പാരിസ്ഥിതിക ആഘാതം തുടങ്ങിയ നിർണായക വിഷയങ്ങളിൽ മതിയായ പഠനം നടന്നിട്ടില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഈ വിവരങ്ങൾ വ്യക്തമായി ലഭ്യമാക്കാതെ പദ്ധതി നടപ്പാക്കുന്നത് ഉചിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യഘട്ട നടപടികളായ സ്ഥല പരിശോധന, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിക്കേണ്ടതില്ലെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവങ്ങൾ കണക്കിലെടുത്ത് സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമേ മുന്നോട്ട് പോകാവൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പദ്ധതിയിൽ ചരക്കു ഗതാഗതത്തിനുള്ള സാധ്യതകളും പരിശോധിക്കണമെന്ന് സമിതി നിർദേശിച്ചു. യാത്രാ സർവീസ് മാത്രം ലക്ഷ്യമാക്കിയാൽ സാമ്പത്തികമായി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഭൂമിയുടെ ലഭ്യത, മെട്രോ പദ്ധതികളുമായുള്ള ഏകോപനം, തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗത സംവിധാനം എന്നിവയുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകൾ ഉൾപ്പെടെ വിവിധ കാര്യങ്ങളിൽ സർക്കാർ കൂടുതൽ പഠനം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments ()