കർണാടകയിൽ യുവാക്കളിൽ എച്ച്‌ഐവി ആശങ്ക; കോളേജുകളിൽ പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കാൻ തീരുമാനം
ബെംഗളൂരു: യുവജനങ്ങൾക്കിടയിൽ എച്ച്‌ഐവി ബാധ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർണാടക സർക്കാർ പുതിയ പ്രതിരോധ നടപടികളിലേക്ക്. സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിലായി എച്ച്‌ഐവി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുന്നത് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
18 മുതൽ 25 വയസ്സ് വരെയുള്ള 7,000-ത്തിലധികം വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായുള്ള കണക്കുകളാണ് സർക്കാരിനെ ആശങ്കയിലാക്കിയത്. രോഗബാധയുണ്ടെന്ന കാര്യം അറിയാതെ കഴിയുന്നവരെ കണ്ടെത്തുകയും, നേരത്തേ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കുകൾ പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ സംസ്ഥാനത്ത് ഏകദേശം 2.6 ലക്ഷം പേർ എച്ച്‌ഐവിയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ രണ്ട് ലക്ഷത്തിലധികം പേർ ആന്റിറെട്രോവൈറൽ തെറാപ്പി (ART) ചികിത്സ സ്വീകരിച്ചുവരുന്നു.
കോളേജ് ക്യാമ്പസുകളിൽ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതും, രഹസ്യസ്വഭാവം ഉറപ്പാക്കി പരിശോധനയും കൗൺസിലിംഗും ലഭ്യമാക്കുന്നതുമാണ് പുതിയ പദ്ധതിയുടെ ഭാഗം. രോഗബാധ നേരത്തെ കണ്ടെത്തുന്നതിലൂടെ ചികിത്സ ഫലപ്രദമാക്കാനും വൈറസ് വ്യാപനം നിയന്ത്രിക്കാനുമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
Comments ()