ഹോർമൂസ് പ്രതിസന്ധി: ബദൽ പാതകളും തുറമുഖ വികസനവും വേഗത്തിലാക്കി യുഎഇ
ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകൾ യുഎഇ അതിവേഗം വികസിപ്പിക്കുന്നു.
അബുദാബി: സമുദ്രപാതയായ ഹോർമൂസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിലും ബദൽ ചരക്കുനീക്ക പാതകളുടെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കി യുഎഇ. ദീർഘകാല ലക്ഷ്യത്തോടെയാണ് പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഹില്ലി ഫോറത്തിൽ വ്യക്തമാക്കി. ഹോർമൂസ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുമ്പോൾ പകരം വഴികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവയുടെ വികസനം ത്വരിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആഗോള വിപണിയിലേക്ക് എണ്ണയെത്തിക്കാനുള്ള പൈപ്പ്‌ലൈനുകളുടെ വികസനവും വേഗത്തിലാക്കി.
താൽക്കാലിക പരിഹാരങ്ങൾക്ക് അപ്പുറം ശാശ്വതമായ മാറ്റം ലക്ഷ്യമിടുന്ന യുഎഇ, ഒമാനുമായി സഹകരിച്ച് സോഹാർ, ദുഖം തുറമുഖങ്ങൾ വഴിയും റോഡ് മാർഗ്ഗവും ചരക്കുനീക്കം സുഗമമാക്കി. ഇത്തരം വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ എണ്ണയിതര വിദേശവ്യാപാരത്തിൽ ചരിത്രപരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ എണ്ണയിതര വിദേശ വ്യാപാര വരുമാനം 13.1 ശതമാനം വർദ്ധിച്ച് 1.94 ട്രില്യൺ ദിർഹമെന്ന റെക്കോർഡിലെത്തി. എണ്ണയിതര കയറ്റുമതിയിൽ വൻ മുന്നേറ്റം നടത്തിയ യുഎഇ, ആറ് ഭൂഖണ്ഡങ്ങളിലായി 38 സമഗ്ര സാമ്പത്തിക സഹകരണ കരാറുകളും പൂർത്തിയാക്കിക്കഴിഞ്ഞു.
Comments ()