രാത്രിയിലെ അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകാം,മികച്ച പ്രതിഫലം പരിഗണനയിൽ: മന്ത്രി
പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ വ്യാപകമാക്കുന്നതിനൊപ്പം വൈദ്യുതി സംഭരണത്തിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളിൽ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നവർക്ക് സബ്സിഡി നൽകുന്നതും പരിഗണനയിലുണ്ട്
തിരുവനന്തപുരം: വീടുകളിൽ ഉൽപാദിപ്പിക്കുന്ന സൗരോർജം സംഭരിച്ച് പിന്നീട് കെ.എസ്.ഇ.ബിക്ക് നൽകുന്ന ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന പദ്ധതി പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രാത്രികാലങ്ങളിൽ അധികമായി സംഭരിച്ചിരിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകുന്നവർക്ക് ആകർഷകമായ പ്രതിഫലം നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.
പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ വ്യാപകമാക്കുന്നതിനൊപ്പം വൈദ്യുതി സംഭരണത്തിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളിൽ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നവർക്ക് സബ്സിഡി നൽകുന്നതും പരിഗണനയിലുണ്ട്. വ്യക്തിഗതമായി സ്റ്റോറേജ് ഒരുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒന്നിലധികം വീടുകൾക്ക് ഉപയോഗിക്കാവുന്ന കമ്മ്യൂണിറ്റി ബാറ്ററി സംവിധാനവും നടപ്പാക്കാൻ ആലോചനയുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മികച്ച സേവനം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ ഉണ്ടായ വൻ വർധനയാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ചതടക്കമുള്ള കാരണങ്ങളാൽ ഉപഭോഗം ഏകദേശം 1000 മെഗാവാട്ട് ഉയർന്നിട്ടുണ്ട്. കൽക്കരി ക്ഷാമവും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ബാധിച്ച വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കേരളത്തിന്റെ ആവശ്യകതയുടെ ഏകദേശം 25 ശതമാനം മാത്രമാണ് നിലവിൽ സംസ്ഥാനത്തിനകത്ത് ഉൽപാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നതിലെ പരിമിതികളും സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്രതലത്തിൽ ഉൾപ്പെടെ ചർച്ചകൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരെ നേരിട്ട് കണ്ട് പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നുണ്ടെന്നും വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വിവിധ തലങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Comments ()