നാല് നഗരങ്ങൾ, എണ്ണകേന്ദ്രങ്ങൾ; സൗദിയിൽ ഹൂതികളുടെ കനത്ത ആക്രമണം
സൗദിയിലെ ഒരു പ്രദേശവും സുരക്ഷിതമായിരിക്കില്ലെന്ന മുന്നറിയിപ്പും ഹൂതികൾ നൽകിയിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സനാ തിരിച്ചുപിടിക്കാനുള്ള യെമൻ സേനയുടെ നീക്കം സംയുക്ത സേനയുടെ പിന്തുണയോടെ ശക്തമായതിനു പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപിച്ചത്
റിയാദ്: സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം രൂക്ഷമായതോടെ ഗൾഫ് മേഖലയിൽ സംഘർഷഭീതി ശക്തമാകുന്നു. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ തുടങ്ങിയ നാല് നഗരങ്ങളിലേക്കും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കുമാണ് ഇറാൻ പിന്തുണയുള്ള യെമനി ഹൂതികൾ ആക്രമണം നടത്തിയതായി സൗദി അറിയിച്ചത്. ആക്രമണങ്ങളിൽ 73 സാധാരണക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സൗദിയിലെ ഒരു പ്രദേശവും സുരക്ഷിതമായിരിക്കില്ലെന്ന മുന്നറിയിപ്പും ഹൂതികൾ നൽകിയിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സനാ തിരിച്ചുപിടിക്കാനുള്ള യെമൻ സേനയുടെ നീക്കം സംയുക്ത സേനയുടെ പിന്തുണയോടെ ശക്തമായതിനു പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപിച്ചത്. സമീപകാലത്ത് സൗദിക്കെതിരെ ഹൂതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.
ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും ഹൂതികൾ ലക്ഷ്യമിട്ടതായി സൗദി ആരോപിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിനിടെ ഇറാനും അമേരിക്കക്കെതിരായ സൈനിക നീക്കങ്ങൾ ശക്തമാക്കുകയാണ്.
അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാൻ ഇറാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പുതിയ മിസൈൽ വികസിപ്പിച്ചിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിന് അകത്തും പുറത്തുമായി പുതിയ നിയന്ത്രിത മേഖല തുറന്നതായും ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാത സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും നിർദേശങ്ങൾ പാലിക്കാത്ത കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, സൗദിയിലെ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് സഖ്യസേന കാണുന്നത്. സിവിലിയൻ മേഖലകളും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.
സൗദിയുടെ ദേശീയ സമ്പത്തും സിവിലിയൻ സ്ഥാപനങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ മേഖലയിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നതാണെന്നും മാലിക്കി വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരവും ദേശീയ സമ്പത്തും സംരക്ഷിക്കുന്നതിനുമായി ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സഖ്യസേന അറിയിച്ചു. ആക്രമണങ്ങളുടെ ഉറവിടങ്ങൾ പ്രതിരോധിക്കുന്നതിനും ഭീഷണി പൂർണമായി ഇല്ലാതാക്കുന്നതിനുമായി ആവശ്യമായ സൈനിക നടപടികളും മുൻകരുതലുകളും സ്വീകരിക്കുമെന്നും മാലിക്കി കൂട്ടിച്ചേർത്തു.
Comments ()