സൗദിയിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം: 13 പേർക്ക് പരിക്ക്
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്.
റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലായിരുന്നു ആക്രമണമെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന ചൂണ്ടിക്കാട്ടി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ബാല്ലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തുവിട്ടത്. പരിക്കേറ്റ 13 പേരുടെയും നില ഗുരുതരമല്ലെന്നും ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അതിർത്തി മേഖലകളിൽ ജാഗ്രത ശക്തമാക്കിയതായും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൂതികൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.
Comments ()