30 കോടി ബമ്പർ അടിച്ചാൽ ലോട്ടറി വിജയിക്ക് ശരിക്കും എത്ര കിട്ടും? നികുതി കഴിഞ്ഞ് ബാക്കി തുകയിങ്ങനെ
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.
തിരുവോണം ബമ്പർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിക്ക് വിവിധ നികുതി കിഴിവുകൾക്ക് ശേഷം ഏകദേശം 16.47 കോടി രൂപ മാത്രമാണ് കൈയ്യിൽ ലഭിക്കുന്നത്. മൊത്തം സമ്മാനത്തുകയിൽ നിന്ന് ആദ്യം തന്നെ 10 ശതമാനം (ഏകദേശം മൂന്ന് കോടി രൂപ) ഏജൻസി കമ്മീഷനായി ഈടാക്കും. ബാക്കി വരുന്ന 27 കോടി രൂപയ്ക്കാണ് നികുതി കണക്കാക്കുന്നത്. ഇതിൽ 30 ശതമാനം തുക അതായത് 8.10 കോടി രൂപ ടി.ഡി.എസ് (TDS) ആയി പിടിക്കും.
ഈ നികുതിത്തുകയ്ക്ക് മേൽ 25 ശതമാനം (2,02,50,000 രൂപ) സർചാർജ്ജും ഒപ്പം ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ്സും ഈടാക്കുന്നതോടെയാണ് വിജയിക്ക് ലഭിക്കുന്ന തുക 16.47 കോടിയായി കുറയുന്നത്. ഇത്തവണ അച്ചടിച്ച 90 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റുകൾ). 10,62,000 ടിക്കറ്റുകൾ വിറ്റഴിച്ച് തൃശൂർ രണ്ടാം സ്ഥാനത്തും, 8,64,100 ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തിയപ്പോൾ, ഏറ്റവും കുറവ് ടിക്കറ്റ് വിൽപ്പന രേഖപ്പെടുത്തിയത് കാസർഗോഡ് ജില്ലയിലാണ് (2,71,400 ടിക്കറ്റുകൾ).
Comments ()