മുഖത്തടിച്ചു, മൂക്കിന്റെ എല്ല് പൊട്ടിച്ചു; പിന്നാലെ നായയെക്കൊണ്ട് കടിപ്പിച്ചു,ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും സുനിൽ തന്നെ നിരന്തരം മർദിക്കാറുണ്ടെന്നാണ് ഷൈനി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്
വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിക്കുകയും വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും സുനിൽ തന്നെ നിരന്തരം മർദിക്കാറുണ്ടെന്നാണ് ഷൈനി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുമ്പ് മുഖത്തടിച്ച് ക്രൂരമായി മർദിച്ച ശേഷം വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും പരാതിയിലുണ്ട്.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷൈനി പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിരോധ കുത്തിവെപ്പും സ്വീകരിച്ചു. ഭർത്താവിന്റെ മർദനത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിൽ പറയുന്നു.
ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞ് തകർത്തതായും പൊലീസ് പറയുന്നു. ഫോൺ തകർത്ത വിവരം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമെന്നാണ് ഷൈനിയുടെ മൊഴി. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയിൽ കേസെടുത്ത വരാപ്പുഴ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments ()