റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹേമദുർഗ ഇവിടെ എത്തിയത്. ഫോൺ വാങ്ങിയ ശേഷം മടങ്ങുന്നതിനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെയാണ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിൽ ഇടിച്ചത്.

റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഓൺലൈൻ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർഗ (26) ആണ് മരിച്ചത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബി​ഗ് ബസാറിന് സമീപമായിരുന്നു അപകടം.

റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹേമദുർഗ ഇവിടെ എത്തിയത്. ഫോൺ വാങ്ങിയ ശേഷം മടങ്ങുന്നതിനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെയാണ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിൽ ഇടിച്ചത്.

അപകടത്തിൽ ബൈക്കിനൊപ്പം മറ്റൊരു സ്കൂട്ടറിനും ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഹേമദുർഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയത്ത് ഹേമദുർഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർഗ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.