മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ നിരാശ; ലണ്ടനിലെ വിജയ് പരിപാടി മുടങ്ങി

നൂറുകണക്കിന് ആരാധകരാണ് വിജയിനെ കാണുന്നതിനായി നേരത്തെ തന്നെ ദി ഷാർഡിന് സമീപം എത്തിയത്. ഇവരിൽ പലരും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നിരുന്നു. പൊതുസുരക്ഷ കണക്കിലെടുത്താണ് പരിപാടി ഒഴിവാക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചതോടെ ആരാധകർ നിരാശരായി

മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ നിരാശ; ലണ്ടനിലെ വിജയ് പരിപാടി മുടങ്ങി

ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെ കാണാനായി ലണ്ടനിലെ ദി ഷാർഡിന് സമീപം തടിച്ചുകൂടിയ ആരാധകർക്ക് നിരാശ. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നതിനെ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതോടെയാണ് വിജയിന്റെ പൊതുപരിപാടി അവസാന നിമിഷം റദ്ദാക്കിയത്. പരിപാടിക്ക് ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ സംഘത്തിലെ അംഗം ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയായിരുന്നു.

നൂറുകണക്കിന് ആരാധകരാണ് വിജയിനെ കാണുന്നതിനായി നേരത്തെ തന്നെ ദി ഷാർഡിന് സമീപം എത്തിയത്. ഇവരിൽ പലരും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നിരുന്നു. പൊതുസുരക്ഷ കണക്കിലെടുത്താണ് പരിപാടി ഒഴിവാക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചതോടെ ആരാധകർ നിരാശരായി. കാത്തുനിന്നവരിൽ ചിലർ തീരുമാനം അംഗീകരിക്കാവുന്നതാണെന്ന് പറഞ്ഞെങ്കിലും, ഇത്ര വലിയ ജനക്കൂട്ടം തമിഴ്നാട്ടിൽ കാണുന്നതുപോലെയില്ലെന്ന അഭിപ്രായവും പങ്കുവച്ചു.

തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ബ്രിട്ടൻ സന്ദർശിച്ചത്. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. പദ്ധതികൾ 9,400-ലേറെ ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, യുകെ സന്ദർശനത്തിന്റെ ഭാഗമായി സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടും വിജയ് സന്ദർശിച്ചിരുന്നു. തമിഴ് നടനും റേസറുമായ അജിത് കുമാർ പങ്കെടുത്ത മത്സരവുമായി ബന്ധപ്പെട്ട പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.