വരൾച്ചയിൽ വെന്തുരുകി കർണാടക: ജല-വൈദ്യുതി ക്ഷാമത്തിന് സാധ്യത, ജനങ്ങൾക്ക് മുന്നറിയിപ്പ്
ഈ ആഴ്ച മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
സംസ്ഥാനത്ത് മഴ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് കർണാടകയിൽ രൂക്ഷമായ ജലക്ഷാമവും വൈദ്യുത പ്രതിസന്ധിയും നേരിടേണ്ടി വരുമെന്ന് ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി നേരിടാൻ ജനങ്ങൾ മാനസികമായി തയ്യാറെടുക്കണമെന്നും സാഹചര്യം കൈകാര്യം ചെയ്യാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ബെംഗളൂരുവിൽ പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷം പ്രതിഷേധങ്ങൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും ജനങ്ങളുടെ കാര്യത്തിൽ സർക്കാരിന് കൃത്യമായ കരുതലുണ്ടെന്നും എം.എൽ.എമാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരൾച്ചാ സാഹചര്യത്തെക്കുറിച്ച് സംസ്ഥാനത്ത് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടര്നടപടികൾ സ്വീകരിക്കും. കുടിവെള്ള വിതരണം ഉറപ്പാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനവും മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. കർഷകരുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. നിലവിൽ 101 താലൂക്കുകളെ വരൾച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments ()