ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭാര്യയോടൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയായ ഭാര്യ ഫർഹാന (28) എന്നിവരാണ് മരിച്ചത്. സെക്ടർ 68-ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭാര്യയോടൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയായാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് ബാദ്ഷാപുർ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഡൽഹിയിലെ സദർ ബസാറിലുള്ള മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറുമെന്നാണ് വിവരം.

നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ് ദമ്പതികളുടെ മകനാണ് അസ്ലം. ഉവൈസ്, റംല എന്നിവരാണ് സഹോദരങ്ങൾ. അബ്ദുറഹ്മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഫൗസിയ, ഫൈസൽ എന്നിവരാണ് സഹോദരങ്ങൾ.